P.SUNIL

P.SUNIL

Sunday, 28 July 2013

ഈശ്വരവിശ്വാസം കമ്മ്യൂണിസ്റ്റിന് അരുതാത്തതോ?

സമൂഹത്തില്‍ പലപ്പോഴും സമാനമായ ചോദ്യങ്ങള്‍ ഉയര്‍ന്നു കേട്ടിട്ടുണ്ട്. ഇതിനെ സംബന്ധിച്ച എന്റെ അഭിപ്രായം ചുവടെ.(മാര്‍ക്സിസ്റ്റ് പദങ്ങള്‍ക്ക് കൂടുതല്‍ വിശദീകരണം നല്‍കിയിട്ടില്ല എന്ന പരിമിതി ഈ കുറിപ്പിനുണ്ട്).
1. ആരാണ് കമ്മ്യൂണിസ്റ്റ് ?
ഒരുവന്റെ ശബ്ദം മറ്റൊരുവന് സംഗീതം പോലെ അനുഭവപ്പെടുന്ന തരത്തില്‍ മാനസിക വിശാലതയുടെ അത്യുന്നതിയില്‍ എത്തിയിട്ടുള്ളതും വര്‍ഗ്ഗരഹിതവും(മുതലാളി - തൊഴിലാളി വര്‍ഗ്ഗങ്ങള്‍ ഇല്ലാത്ത) അധീശത്വ - അധീനത്വ രഹിതവും(ഭരണകൂടമോ അതിന്റെ മര്‍ദ്ദനോപകരണങ്ങളോ ഇല്ലാത്ത) ആയ സമൂഹമുള്ള ഒരു പുതിയ ലോകം - ഇതാണ് കമ്മ്യൂണിസ്റ്റ് ലോകം. മനുഷ്യന്‍ പൂര്‍ണ്ണതയില്‍ എത്തിച്ചേര്‍ന്ന സുന്ദരമായ ലോകം. ഇങ്ങനെ ഒരു ലോകത്തിന്റെ സൃഷ്ടിക്കായി പരിശ്രമിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ടി അംഗങ്ങളേയും ആശയഗതിക്കാരെയും കമ്മ്യൂണിസ്റ്റുകള്‍ എന്ന് വിളിക്കാം.
2. എന്താണ് മാര്‍ക്സിസം? ഇതുമായി കമ്മ്യൂണിസ്റ്റ് പാര്‍ടിക്കുള്ള ബന്ധമെന്ത്?
അദ്ധ്വാനിക്കുന്ന ജനകോടികളുടെ ശാശ്വതമായ മോചനത്തിനുള്ള സാമൂഹികവിപ്ലവത്തിന് പ്രചോദനം നല്‍കുന്ന പ്രപഞ്ച വീക്ഷണമാണ് മാര്‍ക്സിസം. കാറല്‍ മാര്‍ക്സിനു മുമ്പും നിരവധി ദര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയൊന്നുംതന്നെ സാമൂഹികമാറ്റത്തിന് കാരണമായിട്ടില്ല."നാളിതുവരെയുള്ള ചരിത്രകാരന്‍മാര്‍ ലോകത്തെ വ്യാഖ്യാനിച്ചിട്ടേ ഉള്ളു. നമ്മുടെ ലക്ഷ്യം ലോകത്തെ മാറ്റിമറിക്കലാണ് "-കാറല്‍മാര്‍ക്സ്
 ജര്‍മ്മന്‍ ക്ലാസിക്കല്‍ ഫിലോസഫി, ഇംഗ്ലീഷ് അര്‍ത്ഥശാസ്ത്രം, ഫ്രഞ്ച് വിപ്ലവം എന്നിവയുടെ സ്വാധീനം മാര്‍ക്സിസത്തിന്റെ രൂപീകരണത്തിന് കാരണമായിട്ടുണ്ട്. ലോകത്തിന്റെ മൂന്നിലൊന്നു ഭാഗത്ത് സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കുന്നതിനും  മറ്റുരാജ്യങ്ങളില്‍ വളര്‍ന്നുവരുന്ന തൊഴിലാളി മുന്നേറ്റത്തിന്റെ ചാലകശക്തിയാകുന്നതിനും ഈ ആശയത്തിന് കഴിഞ്ഞിരിക്കുന്നു.
"മാര്‍ക്സിസം പ്രയോഗത്തിന്റെ ശാസ്ത്രമാണ്"-അന്റോണിയോ ഗ്രാംഷി.
കമ്മ്യൂണിസ്റ്റ് പാര്‍ടികളുടെ വിപ്ലവപ്രര്‍ത്തനങ്ങളെ മുന്നോട്ടുനയിക്കുന്ന സിദ്ധാന്തമാണ് മാര്‍ക്സിസം.
"സിദ്ധാന്തം ഇല്ലാത്ത പ്രയോഗം അന്ധവും പ്രയോഗമില്ലാത്ത സിദ്ധാന്തം വന്ധ്യവുമാണ്"- ജോസഫ് സ്റ്റാലിന്‍
മാര്‍ക്സിസ്റ്റ് ദര്‍ശനത്തിന്റെ അടിസ്ഥാനം വൈരുദ്ധ്യാത്മക ഭൗതികവാദമാണ്
3.എന്താണ് ഭൗതികവാദം?
ദ്രവ്യം(matter) ആണ് പ്രാഥമികം എന്നും ദ്രവ്യത്തിന്റെ സ്വാധീനത്താല്‍ ആശയം അഥവാ ചിന്ത ഉണ്ടാകുന്നു എന്നും ഭൗതികവാദക്കാര്‍ പറയുന്നു. ഭൗതികയാഥാര്‍ത്ഥ്യങ്ങളുടെ ഉത്ഭവകേന്ദ്രമായ ഭൗതികപ്രപഞ്ചം എങ്ങനെ വളരുന്നു എന്നും ആ വളര്‍ച്ച ആത്മീയപ്രപഞ്ചത്തെ(ചിന്തയെ) എങ്ങനെ സ്വാധീനിക്കുന്നു എന്നും യുക്തിസഹമായി വിശദീകരിക്കുവാന്‍ ഭൗതികവാദത്തിന് കഴിയുന്നില്ല. ഭൗതികവാദത്തിന്റെ ഈ ദൗര്‍ബല്യം പരിഹരിച്ച് ഭൗതികപ്രപഞ്ചവും ഭൗതികേതരപ്രപഞ്ചവും(ആശയം, ചിന്ത, വികാരം മുതലായവ)തമ്മിലുള്ള ബന്ധം തികച്ചും ശാസ്ത്രീയമായി വിശദീകരിച്ചുകൊണ്ട് മാര്‍ക്സ് വൈരുദ്ധ്യാത്മക ഭൗതികവാദത്തിന് രൂപം നല്‍കി.
4.എന്താണ് വൈരുദ്ധ്യാത്മക ഭൗതികവാദം?
ബാഹ്യപ്രപഞ്ചത്തിലെ ഭൗതിക പദാര്‍ത്ഥങ്ങള്‍, മനുഷ്യന്റെ സൃഷ്ടിപരമായ ജീവിതം, മനുഷ്യചിന്തകളും ഭാവനകളും - ഈ മൂന്ന് രംഗത്തും പ്രവര്‍ത്തിക്കുന്ന നിയമങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് വൈരുദ്ധ്യവാദം. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയും വളരുകയും ചെയ്തുകൊണ്ടിരിക്കുന്ന ബാഹ്യപ്രപഞ്ചമാണ് സാമൂഹികജീവിതത്തിനും ആശയവികാരങ്ങള്‍ക്കും രൂപം നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സാമൂഹികമാറ്റത്തെ മാര്‍ക്സ് ഇങ്ങനെയാണ് കാണുന്നത് - "ഒരാശയം ഒരു സമൂഹത്തെ സ്വാധീനിച്ചാല്‍ അത് ഒരു സംഘടിത ശക്തിയായി വളരുകയും ആ ആശയത്തിന് രൂപംകൊടുത്ത സമൂഹത്തെതന്നെ മാറ്റിമറിക്കുകയും ചെയ്യും"
5.എന്താണ് ആത്മീയവാദം?
ആശയം ആണ് പ്രാഥമികം എന്ന് ഇവിടെ വാദിക്കുന്നു(ഈശ്വരന്‍ ഉണ്ടായതിനുശേഷം ദ്രവ്യം ഉണ്ടായി എന്ന വാദം). ഈ പ്രപഞ്ചത്തില്‍ ഇന്നുകാണുന്നതെല്ലാം ഈശ്വരസൃഷ്ടിയാണ്. ഭൂരിഭാഗം വരുന്ന ദരിദ്രരും ന്യൂനപക്ഷമായ ധനികരും ഉള്‍പ്പെടുന്ന ഈ സാമൂഹികവ്യവസ്ഥിതി ദൈവികമാണ്.  ധനികര്‍ക്ക് ഭൂമിയില്‍തന്നെ സ്വര്‍ഗ്ഗം. ഇതിനെ ചോദ്യം ചെയ്യാന്‍ പാടില്ല. ദരിദ്രര്‍  ദൈവത്തെ വിളിക്കുക. അവര്‍ക്ക് മരിച്ചുകഴിഞ്ഞാല്‍ സ്വര്‍ഗ്ഗം ലഭിക്കും. ഇതാണ് ആത്മീയവാദത്തിന്റെ അടിസ്ഥാനം.
6.ആത്മീയതയുടെ നിലനില്‍പ്പ് മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടില്‍
മനുഷ്യന്റെ ബോധലോകത്തിന് അപ്പുറം അവന് എത്തിപ്പെടാന്‍ കഴിയാത്ത അജ്ഞാതലോകമുണ്ട്. ബോധലോകം വികസിക്കുമ്പോള്‍ അജ്ഞാതലോകം ചുരുങ്ങും. വിദ്യസമ്പന്നരില്‍പോലും ഈശ്വരവിശ്വാസം നിലനില്‍ക്കുന്നതിന് ഈ അജ്ഞാതലോകം കാരണമാകുന്നു. വളരെഅധികം അത്യാഹിതത്തിലുള്ള ഒരു രോഗിയെ പരിചരിക്കുന്ന ഡോക്ടര്‍ സാധാരണ പറയാറുള്ള ഒരു വാചകം ശ്രദ്ധിക്കുക - "എന്നെക്കൊണ്ട് കഴിയാവുന്നതു ഞാന്‍ ചെയ്തു. ഇനിയെല്ലാം ഈശ്വരന്റെ കൈകളിലാണ്".  ഡോക്ടര്‍ക്ക് അജ്ഞാതമായത് ഈശ്വരന്റെ കൈകളിലാണ് എന്ന് അയാള്‍ വിശ്വസിക്കുന്നു. നാളത്തെ ശാസ്ത്രലോകം ഡോക്ടറുടെ അജ്ഞതമാറ്റുമ്പോള്‍  അയാള്‍ക്ക് ഈശ്വരന്റെ സഹായം വേണ്ടിവരില്ല. ആദിമ മനുഷ്യന്‍ കാട്ടുതീയേയും കൊടുംകാറ്റിനേയും ഇടിമിന്നലിനേയും ഒക്കെ ഭയപ്പെടുകയും  ഇവയൊക്കെ ഈശ്വരസൃഷ്ടിയെന്ന് കരുതി ആരാധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഒക്കെകാരണങ്ങള്‍ ബോദ്ധ്യമായ മനുഷ്യന്‍ ഇന്നതിനെ ഭയപ്പെടുകയോ ആരാധിക്കുകയോ ചെയ്യുന്നില്ല.
7.പരിസമാപ്തി
ഭൗതികവാദത്തിന്റെ നേര്‍ വിപരീതമാണ് ആത്മീയവാദം. അപ്പോള്‍, ഈശ്വരവിശ്വാസം കമ്മ്യൂണിസ്റ്റിന് അരുതാത്തതോ?- എന്ന ചോദ്യം, പഞ്ചസാര കയ്പ്പുള്ളതാണോ എന്ന് ചോദിക്കുന്നതുപോലെ നിരര്‍ത്ഥകമാണ്.


Saturday, 20 July 2013

മിടുക്കരുടെ മിടുക്കിന് വിലയില്ലെ?

കേരളത്തിലെ സ്കൂള്‍ തലത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗ്രേഡ് അടിസ്ഥാനത്തിലുള്ള മൂല്യനിര്‍ണ്ണയമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണവും മൂല്യനിര്‍ണ്ണയം നടത്തുന്നതിനുള്ള സജ്ജീകരണങ്ങളും സംവിധാനങ്ങളും  കൃത്യതയോടുകൂടിയ ഫലപ്രഖ്യാപനവും എല്ലാം കേരളത്തിന്റെ തനത് പ്രത്യേകതകളും ലോക ശ്രദ്ധആകര്‍ഷിച്ചവയുമാണ്. 
ഇവിടെ  വിജയശതമാനം അടിക്കടി വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും അതിന് ആനുപാതികമായി ഗുണനിലവാരത്തില്‍ വര്‍ദ്ധനവുണ്ടാകുന്നുണ്ടോ എന്ന്   പരിശോധിക്കേണ്ട സമയം അതിക്രമിച്ചതായി തോന്നുന്നു. പാഠ്യപദ്ധതിയുടെ സമീപനത്തില്‍ കാതലായുണ്ടായ മാറ്റം വിദ്യാര്‍ത്ഥികളെ നല്ലനിലയില്‍ സ്വാധീനിച്ചിട്ടുണ്ട്. പരീക്ഷയെ ഭയമില്ലാത്ത ഒരവസ്ഥ പൊതുവില്‍ വന്നിട്ടുണ്ട്. ഇതോടൊപ്പം തന്നെ മൂല്യനിര്‍ണ്ണയത്തിന്റെ ഗൗരവത്തില്‍ ഉണ്ടായ ചോര്‍ച്ച വിപരീത ഫലവും ഉണ്ടാക്കിയിട്ടുണ്ട്. മാര്‍ക്ക് വെറുതെ കിട്ടുന്ന സ്ഥിതി വന്നപ്പോള്‍ കൂടുതല്‍ പഠിക്കാതെ തന്നെ വിജയിക്കാം എന്ന ചിന്താഗതിയിലേക്ക് കുറച്ചു കുട്ടികള്‍ എങ്കിലും എത്തുന്നു. എസ്.എസ്.എല്‍.സി വിജയശതമാനം വര്‍ദ്ധിപ്പിക്കുക എന്നത് അധ്യാപകര്‍ക്കൊപ്പം ഒരോ കാലത്തേയും  ഭരണാധികാരികള്‍ക്കും ഒരു അഭിമാനപ്രശ്നമായി മാറിയിരിക്കുന്നു.
 പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക്   പത്ത് വിഷയങ്ങളിലായി തുടര്‍ മുല്യനിര്‍ണ്ണയം എന്നപേരില്‍ 130 മാര്‍ക്കാണ് ആകെ നേടേണ്ടത്. ഈ മാര്‍ക്ക് അതാത് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരാണ്  നല്‍കുന്നത്. വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഏതാണ്ട് എല്ലാ കുട്ടികള്‍ക്കും  അധ്യാപകര്‍ പരമാവധി മാര്‍ക്ക് തന്നെ നല്‍കുന്നു. ഇങ്ങനെ മുഴുവന്‍ മാര്‍ക്കും ലഭിക്കുന്ന കുട്ടിക്ക് D+ ഗ്രേഡിലെത്താന്‍ വളരെ കുറച്ച് മാര്‍ക്ക് മാത്രം എഴുത്തു പരീക്ഷയിലൂടെ നേടിയാല്‍ മതിയാകും.  ഉദാഹരണത്തിന്, കണക്കിന് ആകെ 100 മാര്‍ക്ക്. ഇതില്‍ തുടര്‍ മൂല്യനിര്‍ണ്ണയത്തിന് 20 മാര്‍ക്കും എഴുത്തു പരീക്ഷക്ക് 80 മാര്‍ക്കും.  തുടര്‍ മൂല്യനിര്‍ണ്ണയം വഴി 20 മാര്‍ക്കു് ലഭിക്കുന്ന കുട്ടിക്ക് എഴുത്തുപരീക്ഷയിലൂടെ 10 മാര്‍ക്ക് നേടിയാല്‍ വിജയിക്കാം. എഴുത്തു പരീക്ഷാമൂല്യനിര്‍ണ്ണയവും വളരെ അധികം ഉദാരമാക്കിയതിനാല്‍ യഥാര്‍ത്ഥത്തില്‍ 7 നും 9 നും ഇടയില്‍ മാര്‍ക്കിന് അര്‍ഹതയുള്ളവരും 10 മാര്‍ക്കിലേക്ക് ഉയര്‍ത്തപ്പെടും. അതായത് എഴുത്തുപരീക്ഷയുടെ 8.75%  മാര്‍ക്ക് മാത്രം നേടുന്ന കുട്ടിയും വിജയിക്കുന്നു. 
അക്ഷരം എഴുതാന്‍ അറിയാത്ത കുട്ടിക്കും നന്നായി പഠിക്കുന്ന കുട്ടിക്കും തുടര്‍ മൂല്യനിര്‍ണ്ണയത്തില്‍ ഒരേ മാര്‍ക്ക് !.മിടുക്കരുടെ മിടുക്കിനെ കാണാതെ പോകരുത്. 

Tuesday, 16 July 2013

മതപരിവര്‍ത്തനം - എതിര്‍ക്കപ്പെടേണ്ടതോ?

മരണം വരെയും ജനിച്ച മതത്തില്‍ തന്നെ വിശ്വസിച്ച് ജീവിക്കുന്നവരാണ് സമൂഹത്തില്‍ ഭൂരിഭാഗവും. ഏതുമതവും സ്വീകരിക്കുവാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. മറ്റു മതങ്ങളെ ഉള്‍ക്കൊള്ളുവാനുള്ള മാനസിക വിശാലതയുടെ കൂടി ഭാഗമാണ് മതപരിവര്‍ത്തനം. ഭാരതീയ സംസ്കാരം വിവിധ മതങ്ങളെ ഉള്‍ക്കൊള്ളുവാന്‍ നമ്മെ പഠിപ്പിക്കുന്നു.മതങ്ങളും ജാതികളും ഉപജാതികളും ഭാഷകളും കൊണ്ട് വൈവിദ്ധ്യമാര്‍ന്ന സംസ്കാരങ്ങളുടെ വിളനിലമായ ഇന്ത്യപോലെ മറ്റൊരുരാജ്യം ലോകത്തില്ല.
അധ:സ്ഥിത ജനവിഭാഗങ്ങളിലാണ് മതപരിവര്‍ത്തനം കൂടുതലായി നടക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ  പിന്നാക്കാവസ്ഥ,  സ്വന്തം മതത്തില്‍ നിന്നും നീതി ലഭിക്കാത്ത അവസ്ഥ, പ്രലോഭനങ്ങളും വാഗ്ദാനങ്ങളും ഇവയൊക്ക മതപരിവര്‍ത്തനത്തിനുള്ളഅടിസ്ഥാന കാരണങ്ങളാണ്. കോളനികള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിനുകള്‍ സംഘടിപ്പിച്ച് ചിലര്‍ മതപരിവര്‍ത്തനത്തിനുള്ള ഇരകളെ കണ്ടെത്തുന്നു. സാമൂഹികവും സാമ്പത്തികവും ജാതീയവുമായ അടിച്ചമര്‍ത്തലുകളില്‍ നിന്നും ശാശ്വത മോചനം സോഷ്യലിസ്റ്റ് വ്യവസ്ഥയില്‍ മാത്രമേ സാധിതമാകു. അതിനായി വര്‍ഗ്ഗ സഹകരണവും വര്‍ഗ്ഗ സമരവും ശക്തിപ്പെടുത്തണം. ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരായ സമരങ്ങള്‍ വര്‍ഗ്ഗ സമരത്തിന്റെ ഭാഗമാണ് എന്ന് സി.പി.ഐ(എം) ന്റെ പരിപാടിയില്‍ പറയുന്നു. അതിനാല്‍ മതപരിവര്‍ത്തനം ജാതീയമായ അടിച്ചമര്‍ത്തലിനു പരിഹാരമല്ല. നിര്‍ബന്ധിത മതപരിവര്‍ത്തനം എതിര്‍ക്കപ്പെടേണ്ടതാണ്.

Sunday, 14 July 2013

രാഷ്ട്രീയം - സത്യസന്ധതയും ആത്മാര്‍ത്ഥതയും


സത്യസന്ധത, ആത്മാര്‍ത്ഥത എന്നീ രണ്ടു മൂല്യങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യം ഇല്ല. തന്ത്രങ്ങള്‍ക്കാണ് ഇവിടെ പ്രാധാന്യം. നിസ്വാര്‍ത്ഥമായ ജനസേവനം ​എന്നതിലുപരി ഇതൊരു തൊഴിലായി മാറിയിരിക്കുന്നു. അതിനാല്‍ സ്ഥാനം ഉറപ്പിക്കലും ഉയര്‍ത്തിക്കലും ധനസമ്പാദനവും എല്ലാം ഈ തൊഴില്‍ മേഖലയുടെ ഭാഗമായ പ്രവര്‍ത്തനങ്ങളായി. ഒരേ ലക്ഷ്യത്തിനായി തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന  ആരെയും ചവിട്ടി താഴ്ത്താനോ പാരവെക്കാനോ മടിയില്ലാത്ത മനസ്സിന്റെ ഉടമയാണ് ഇന്നത്തെ ശരാശരി രാഷ്ട്രീയക്കാരന്‍. സ്ഥിരമായ മിത്രവും സ്ഥിരമായ ശത്രുവും രാഷ്ട്രീയത്തില്‍ ഇല്ല. എല്ലാം അവനവനു വേണ്ടിയുള്ള നീക്കുപോക്കുകള്‍ മാത്രം. സംശുദ്ധരായ ജനസേവകര്‍ വംശനാശ ഭീഷണി നേരിടുന്നു. രാഷ്ടീയം നിസ്വാര്‍ത്ഥ ജനസേവനമാകുകയും രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഭാഗീകമായെങ്കിലും മാന്യമായ തൊഴിലുകള്‍ ചെയ്ത് വരുമാന മാര്‍ഗ്ഗം കണ്ടെത്തുകയും ചെയ്യുന്ന ഒരു സംസ്കാരം ഉയര്‍ന്നു വരണം.