കേരളത്തിലെ സ്കൂള്‍ തലത്തില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഗ്രേഡ് അടിസ്ഥാനത്തിലുള്ള മൂല്യനിര്‍ണ്ണയമാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണവും മൂല്യനിര്‍ണ്ണയം നടത്തുന്നതിനുള്ള സജ്ജീകരണങ്ങളും സംവിധാനങ്ങളും കൃത്യതയോടുകൂടിയ ഫലപ്രഖ്യാപനവും എല്ലാം കേരളത്തിന്റെ തനത് പ്രത്യേകതകളും ലോക ശ്രദ്ധആകര്ഷിച്ചവയുമാണ്.
ഇവിടെ വിജയശതമാനം അടിക്കടി വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും അതിന് ആനുപാതികമായി ഗുണനിലവാരത്തില്‍ വര്ദ്ധനവുണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട സമയം അതിക്രമിച്ചതായി തോന്നുന്നു. പാഠ്യപദ്ധതിയുടെ സമീപനത്തില്‍ കാതലായുണ്ടായ മാറ്റം വിദ്യാര്‍ത്ഥികളെ നല്ലനിലയില്‍ സ്വാധീനിച്ചിട്ടുണ്ട്. പരീക്ഷയെ ഭയമില്ലാത്ത ഒരവസ്ഥ പൊതുവില്‍ വന്നിട്ടുണ്ട്. ഇതോടൊപ്പം തന്നെ മൂല്യനിര്‍ണ്ണയത്തിന്റെ ഗൗരവത്തില്‍ ഉണ്ടായ ചോര്‍ച്ച വിപരീത ഫലവും ഉണ്ടാക്കിയിട്ടുണ്ട്. മാര്‍ക്ക് വെറുതെ കിട്ടുന്ന സ്ഥിതി വന്നപ്പോള്‍ കൂടുതല്‍ പഠിക്കാതെ തന്നെ വിജയിക്കാം എന്ന ചിന്താഗതിയിലേക്ക് കുറച്ചു കുട്ടികള്‍ എങ്കിലും എത്തുന്നു. എസ്.എസ്.എല്‍.സി വിജയശതമാനം വര്‍ദ്ധിപ്പിക്കുക എന്നത് അധ്യാപകര്‍ക്കൊപ്പം
ഒരോ കാലത്തേയും ഭരണാധികാരികള്‍ക്കും ഒരു അഭിമാനപ്രശ്നമായി മാറിയിരിക്കുന്നു.
പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് പത്ത് വിഷയങ്ങളിലായി തുടര്‍ മുല്യനിര്‍ണ്ണയം എന്നപേരില്‍ 130 മാര്‍ക്കാണ് ആകെ നേടേണ്ടത്. ഈ മാര്‍ക്ക് അതാത് വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകരാണ് നല്‍കുന്നത്. വിജയശതമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഏതാണ്ട് എല്ലാ കുട്ടികള്‍ക്കും അധ്യാപകര്‍ പരമാവധി മാര്‍ക്ക് തന്നെ നല്കുന്നു. ഇങ്ങനെ മുഴുവന്‍ മാര്‍ക്കും ലഭിക്കുന്ന കുട്ടിക്ക് D+ ഗ്രേഡിലെത്താന്‍ വളരെ കുറച്ച് മാര്‍ക്ക് മാത്രം എഴുത്തു പരീക്ഷയിലൂടെ നേടിയാല്‍ മതിയാകും. ഉദാഹരണത്തിന്, കണക്കിന് ആകെ 100 മാര്‍ക്ക്. ഇതില്‍ തുടര്‍ മൂല്യനിര്‍ണ്ണയത്തിന് 20 മാര്‍ക്കും എഴുത്തു പരീക്ഷക്ക് 80 മാര്‍ക്കും. തുടര്‍ മൂല്യനിര്‍ണ്ണയം വഴി 20 മാര്‍ക്കു് ലഭിക്കുന്ന കുട്ടിക്ക് എഴുത്തുപരീക്ഷയിലൂടെ 10 മാര്‍ക്ക് നേടിയാല്‍ വിജയിക്കാം. എഴുത്തു പരീക്ഷാമൂല്യനിര്ണ്ണയവും വളരെ അധികം ഉദാരമാക്കിയതിനാല്‍ യഥാര്‍ത്ഥത്തില്‍ 7 നും 9 നും ഇടയില്‍ മാര്‍ക്കിന് അര്‍ഹതയുള്ളവരും 10 മാര്‍ക്കിലേക്ക് ഉയര്‍ത്തപ്പെടും. അതായത് എഴുത്തുപരീക്ഷയുടെ 8.75% മാര്‍ക്ക് മാത്രം നേടുന്ന കുട്ടിയും വിജയിക്കുന്നു.
അക്ഷരം എഴുതാന്‍ അറിയാത്ത കുട്ടിക്കും നന്നായി പഠിക്കുന്ന കുട്ടിക്കും തുടര്‍ മൂല്യനിര്‍ണ്ണയത്തില്‍ ഒരേ മാര്‍ക്ക് !.മിടുക്കരുടെ മിടുക്കിനെ കാണാതെ പോകരുത്.
വളരെ പ്രാധാന്യമേറിയ ഒരു വസ്തുതയാണ് ഇത്
ReplyDeleteനന്ദി
DeleteExactly. You are correct.
ReplyDeletethank you
Delete