P.SUNIL

P.SUNIL

Friday, 9 November 2012

ചരിത്രപരമായ ഭൗതികവാദം

മനുഷ്യവംശത്തിന്റെ ഉത്ഭവത്തെയും വളര്‍ച്ചയേയുംപ്പറ്റി പല സിദ്ധാന്തങ്ങളും ഉണ്ട്. ചരിത്രകാരന്‍മാര്‍ പൊതുവേ അംഗീകരിക്കുന്ന സിദ്ധാന്തം "ചരിത്രപരമായ ഭൗതികവാദമാണ്". "വൈരുദ്ധ്യാത്മക ഭൗതികവാദം സാമൂഹ്യജീവിതത്തില്‍ പ്രയോഗിക്കുമ്പോള്‍ അത് ചരിത്രപരമായ ഭൗതികവാദമാകും" - EMS

സാമൂഹ്യമാറ്റത്തെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം മനുഷ്യന്റെ ഉല്പാദനരീതികളാണ്. ഉല്പാദനോപകരണങ്ങളും അധ്വാനശേഷിയും ചേരുന്നതാണ് ഉല്പാദനശക്തികള്‍.  ഉല്പാദനശക്തികള്‍ ഒറ്റക്കല്ല കൂട്ടായിട്ടാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് എക്കാലത്തും ഉല്പാദനം നടക്കുന്നത് സാമൂഹികമായിട്ടാണ്. മനുഷ്യസമൂഹം വളരുന്നു എന്നു പറഞ്ഞാല്‍ ഉല്പാദനശക്തികള്‍ വളരുന്നു എന്നാണ് അര്‍ത്ഥം. ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന ജനങ്ങള്‍ ഉല്പാദനത്തിന്റെ ആവശ്യത്തിനായി ചില ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നു. ഇതിനെയാണ് "ഉല്പാദനബന്ധങ്ങള്‍" എന്നു പറയുന്നത്. ചരിത്രവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഉണ്ടായ ഉല്പാദനബന്ധങ്ങളെ പൊതുവെ ആറായി തിരിക്കാം.

1. പ്രാകൃത കമ്മ്യൂണിസം

മനുഷ്യന്‍ വര്‍ഗ്ഗങ്ങളായി പിരിയുന്നതിനു മുമ്പ് എല്ലാവരും ഒന്നുപോലെ കഴിഞ്ഞ സാമൂഹയവ്യവസ്ഥയാണിത്. ഇവിടെ ചൂഷണമില്ല. ഉല്പാദനോപാധികളും ഉല്പന്നങ്ങളും കൂട്ടുടമസ്ഥതയില്‍.

2. അടിമത്തം

ചരിത്രത്തിലെ ആദ്യത്തെ വര്‍ഗ്ഗവ്യവസ്ഥ. കയ്യൂക്കുള്ളവന്‍ ഉടമകളായി. അടിമയെ വാങ്ങാനും കൊല്ലാനുമുള്ള അവകാശം ഉടമക്ക്. ഈ ചൂഷണം നിറഞ്ഞ ജീവിതാവസ്ഥക്കെതിരെ സ്പാര്‍ട്ടക്കസ്സിനെപ്പോലുള്ളവര്‍ പോരാടി. കാലക്രമത്തില്‍ അടിമത്തം തകര്‍ന്നു.

3. ജന്മിത്തം

ജന്മി ഉല്പാദനോപകരണങ്ങളുടെ ഉടമയാണ്. എന്നാല്‍ അടിയാളന്റെ മുഴുവന്‍ ഉടമയല്ല. അടിമയെ കൊല്ലാനും മറ്റുമുള്ള അവകാശം ഇല്ല. ജന്മിയുടെ സ്വത്തുടമസ്ഥതക്കുകീഴിലാണ് അടിയാളനെങ്കിലും അയാള്‍ക്ക് വ്യക്തിപരമായ ഉടമസ്ഥത വളര്‍ന്നുവരുന്നതു കാണാം. ചൂഷകരും ചൂഷിതരും തമ്മിലുള്ള വര്‍ഗ്ഗസമരം ശക്തി പ്രാപിച്ചു. ജന്മിത്തം തകര്‍ക്കപ്പെട്ടു.

4. മുതലാളിത്തം

ഒരോവ്യവസ്ഥയും തൊട്ടുമുമ്പുണ്ടായിരുന്ന വ്യവസ്ഥയെക്കാള്‍ മെച്ചപ്പെട്ടതാണ്. ഇവിടെ തൊഴിലാളിയുടെ ഉടമയല്ല മുതലാളി. തൊഴിലാളിയെ വില്‍ക്കാനോ, വാങ്ങാനോ, കൊല്ലാനോ ഒന്നും മുതലാളിക്ക് അവകാശമില്ല. തൊഴിലാളി തന്റെ അധ്വാനശക്തി മുതലാളിക്ക് വില്‍ക്കുന്നു. എല്ലാ ചൂഷണങ്ങളുടേയും ഇര തൊഴിലാളിയാണ്. അവസാനത്തെ ചൂഷണവ്യവസ്ഥയാണ് മുതലാളിത്തം. ഭരണകൂടത്തേയും പോലീസിനേയും പട്ടാളത്തേയും കോടതിയേയും ഒക്കെ ഉപയോഗപ്പെടുത്തി ചൂഷണം തുടരാന്‍ മുതലാളിത്തം ശ്രമിക്കും. മുതലാളിത്തത്തിന്റെ അന്തകന്‍ തൊഴിലാളിവര്‍ഗ്ഗമാണ്.

5. സോഷ്യലിസം

ചൂഷകരും ചൂഷിതരുമില്ലാതെ എല്ലാവരും തൊഴിലെടുക്കുന്ന വ്യവസ്ഥയാണിത്. "ഒരോരുത്തരും അവനവന്റെ കഴിവിനനുസരിച്ച് ജോലിചെയ്യുന്നു. ജോലിക്കനുസരിച്ച് കൂലികിട്ടുന്നു"- ഇതാണ് സോഷ്യലിസ്റ്റ് വ്യവസ്ഥയിലെ നിയമം. ജനങ്ങളുടെ ബോധത്തില്‍ വലിയമാറ്റം ഈ വ്യവസ്ഥ സൃഷ്ടിക്കും.

6. കമ്മ്യൂണിസം

സോഷ്യലുസ്റ്റ് വ്യവസ്ഥയില്‍ നിന്നും സമൂഹം മുമ്പോട്ടു പോകുമ്പോഴാണ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥയില്‍ എത്തിച്ചേരുന്നത്. "ഒരോരുത്തരും അവനവന്റെ കഴിവിനനുസരിച്ച് ജോലിചെയ്യുന്നു. ഒരോരുത്തര്‍ക്കും  ആവശ്യത്തിനനുസരിച്ച് കൂലികിട്ടുന്നു"- ഇതാണ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥയുടെ ലക്ഷ്യം. എല്ലാം ജനങ്ങളുടെ ഉടമസ്ഥതയില്‍. ഇവിടെ വര്‍ഗ്ഗമില്ല. എല്ലാവരും കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍. ഒരുവന്റെ ശബ്ദം മറ്റൊരുവന്റെ കാതില്‍ സംഗീതം പോലെ അനുഭവപ്പെടുന്ന പുതിയൊരു ലോകം.

Tuesday, 6 November 2012

സര്‍ക്കാരില്‍നിന്നും സേവനത്തിന് പ്രതിമാസ വേതനം കൈപ്പറ്റുന്ന എല്ലാവര്‍ക്കും വിരമിക്കല്‍ പ്രയം നിശ്ചയിക്കണം.

സര്‍ക്കാര്‍ ഉദ്ധ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, കമ്പിനി ജീവനക്കാര്‍ എന്നിങ്ങനെയുള്ള ജീവനക്കാര്‍ക്ക് വിരമിക്കല്‍ പ്രായപരിധി നിശ്ചയിച്ചിട്ടുണ്ട്. വിവിധ ജനപ്രതിനിധി സഭകളിലെ ഭരണാധികാരികള്‍, അംഗങ്ങള്‍, ബോര്‍ഡ് - കോര്‍പ്പറേഷന്‍ ഭരണകര്‍ത്താക്കള്‍ എന്നീ സ്ഥാനങ്ങളില്‍ ഉള്ളവര്‍ സര്‍ക്കാരില്‍നിന്നും ശമ്പളം കൈപറ്റുന്നവരാണ്. ഈ രംഗത്ത്  നല്‍കുന്ന സേവനത്തിന് പ്രതിഫലമായിട്ടാണ് ഇവര്‍  ശമ്പളംകൈപ്പറ്റുന്നത്.  ഇവരില്‍ ബഹുഭൂരിഭാഗം പേരും പ്രായാധിക്യത്താല്‍ അവശതയനുഭവിക്കുന്നവരാണ്. ഇവരുടെ ചികിത്സക്കുതന്നെ സര്‍ക്കാര്‍ വലിയ തുക ചെലവഴിക്കേണ്ടി വരുന്നു. ശാരീരികമായ അവശത മാനസികമായ തളര്‍ച്ചക്കു കാരണമാകും. ഇതുമൂലം പ്രായോഗിക പ്രവര്‍ത്തനങ്ങളിലും ബുദ്ധിപരമായ വ്യവഹാരങ്ങളിലും ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ ഇവര്‍ക്ക്  കഴിയാതെ വന്നേക്കാം. സമൂഹത്തിന്  ഇത്തരത്തില്‍ ഇവര്‍ ബാദ്ധ്യതയാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതിനാല്‍ ജനങ്ങള്‍ തെരെഞ്ഞെടുക്കുന്നതോ സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്നതോ ആയ ഇത്തരം സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് വിരമിക്കല്‍ പ്രയപരിധി നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണം. 
ഇത് നടക്കില്ല,  കാരണം ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ട ഭരണാധികാരികളില്‍ ഭ്രരിഭാഗവും കിഴവന്‍മാരാണ്.

Sunday, 4 November 2012

അദ്ധ്യാപകര്‍ പരീക്ഷയെ എന്തിന് ഭയപ്പെടണം

സര്‍വ്വീസില്‍ ഇരിക്കുന്ന അദ്ധ്യാപകര്‍ ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി ഒരു ഗുണനിലവാര പരിശോധനക്ക് (പരീക്ഷ) വിധേയരാകണം എന്ന നിര്‍ദ്ദേശത്തോട്  എല്ലാ അദ്ധ്യാപക സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചു. കുട്ടികളെ പഠിപ്പിക്കുകയും പരീക്ഷക്ക് വിധേയരാക്കുകയും ചെയ്യുന്ന അദ്ധ്യാപകര്‍ തന്റെ അറിവുകളും പ്രാപ്തിയും പരിശോധിക്കുന്നതില്‍ നിന്നും എന്തിന് ഒഴിഞ്ഞുമാറണം. കാലഘട്ടത്തിനനുസരിച്ച് തന്റെ വൈജ്ഞാനിക മണ്ഡലം വികസിപ്പിക്കുന്നവനാകണം അദ്ധ്യാപകന്‍. ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടിയുടെ അവകാശമാണ്.  കുട്ടിക്ക്  ഭയരഹിതമായി പരീക്ഷയെ അഭിമുഖീകരിക്കുവാന്‍ പരീക്ഷാ രീതിയില്‍പോലും മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. പരീക്ഷ എന്ന് കേള്‍ക്കുമ്പോള്‍ കുട്ടികള്‍ പോലും ഭയപ്പെടാത്ത ഈ കാലത്ത് പരീക്ഷയെ ഭയപ്പെട്ട് പ്രതിഷേധിക്കുന്ന അദ്ധ്യാപകര്‍ അദ്ധ്യാപക സമൂഹത്തിന് അപമാനമാണ്.

വക്കീലന്‍മാരും സാമുഹിക പ്രതിബദ്ധതയും

"മിടുക്കനായ ഒരു വക്കീല്‍ കൈയ്യില്‍ ഉണ്ടെങ്കില്‍ ഏതു കുറ്റവും ചെയ്യാം, ശിക്ഷിക്കപ്പെടില്ല" ഇത് സമൂഹത്തില്‍ ശക്തമായി നില്ക്കുന്ന ഒരു വിശ്വാസമാണ്. കുറ്റവാളികള്‍ക്ക് ഇതൊരു പ്രോത്സാഹനവുമാണ്. സ്ഥിരമായി കേസില്‍ പ്രതികളാകുകയും കുറ്റവാസന ഒരു പ്രവണതയോ, വിനോദമോ, തൊഴിലോ ആയി കാണുകയും ചെയ്യുന്ന  കുറ്റവാളികളെ സഹായിക്കുന്നതില്‍ നിന്നും വക്കീലന്‍മാര്‍ വിട്ടുനിന്നാല്‍ അത് സമൂഹത്തിന് ഗുണകരമാകും. കുറ്റവാളി അധര്‍മ്മത്തിലൂടെ ഉണ്ടാക്കുന്ന പണത്തിന്റെ ഒരു വിഹിതമാണ് വക്കീലിന് ഫീസായി കൊടുക്കുന്നത്. വിനാശകാരികളായ കുറ്റവാളികളെ നിയമവിധേയമാക്കി ശിക്ഷവാങ്ങികൊടുക്കുന്നകാര്യത്തില്‍ വക്കീലന്‍മാര്‍ ഒറ്റകെട്ടായി നിന്നുകൊണ്ട് സമുഹത്തോടുള്ള പ്രതിബദ്ധത നിര്‍വഹിക്കണം.

1 comment:

ശക്തമായ ഭാഷ! കാലിക പ്രസക്തിയൂള്ള വിഷയം!!നിര്‍ഭയത്വം!!!

സുനില്‍ പള്ളിപ്പാട്

പി. സുനില്‍
നടയില്‍തെക്കതില്‍,
നീണ്ടൂര്‍, പള്ളിപ്പാട്,
ഹരിപ്പാട്,ആലപ്പുഴ Ph.09447597528
ജനനം 1970 ജൂണ്‍ 16
ആലപ്പുഴ ജില്ലയില്‍  മഹാദേവികാട് SNDP HS ല്‍ 18 വര്‍ഷമായി ഹൈസ്കൂള്‍ അദ്ധ്യാപകനായി ജോലിചെയ്യുന്നു. വിദ്യാഭ്യാസം MSc,BEd(Mathematics),
Diploma in Computer Application.


ഞാന്‍ ഒരു പൊതുപ്രവര്‍ത്തകന്‍ കൂടിയാണ്. സി.പി.ഐ.(എം) പള്ളിപ്പാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു.1995 മുതല്‍ 2000 വരെ പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നു. സത്യസന്ധതയ്കും ആത്മാര്‍ത്ഥതയ്കും ഞാന്‍ പ്രധാന്യം നല്‍കുന്നു. അദ്ധ്യാപകന്‍ എന്ന നിലയിലും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലും ഈ മുല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും നടപ്പിലാക്കുന്നതിനും ഞാന്‍ പരമാവധി  ശ്രദ്ധിക്കുന്നു.
സമൂഹത്തില്‍ നിലനില്‍ക്കുന്ന അഴിമതി, അക്രമം, വഞ്ചന, അനീതി, മദ്യാസക്തി മുതലായ പ്രവണതകളോട് പോരടിക്കുവാനുള്ള മനസ്സുണ്ട്. പക്ഷേ ആഗ്രഹിക്കുന്ന തരത്തില്‍ പ്രതികരിക്കുവാന്‍ കഴിയുന്നില്ല. നന്മകള്‍ ആഗ്രഹിക്കുന്നവരുമായി സാമൂഹ്യസംബന്ധമായ ഇത്തരം വിഷയങ്ങല്‍ ഇവിടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നു. ദയവായി സഹകരിക്കുക.

2 comments:

  1. സൂന്ദരനാണല്ലൊ!!!
    Reply
  2. Nice work...

    www.balendu.webs.com
    Reply

സമകാലിക സിനിമകളുടെ സന്ദേശം

സമകാലിക സിനിമകള്‍ പലതും സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്കുന്നത്. 
മദ്യപാനം, അക്രമം, മോഷണം മുതലായ സ്വഭാവവൈകൃതങ്ങളാല്‍ "പ്രശോഭിതമാകുന്നു" നായക സങ്കല്പം . മാടമ്പിത്തം, ഗുണ്ടാപ്പട, നിയമലംഘനം ഇവയെല്ലാം നായകന്റെ സവിശേഷതകളായിമാറുന്നു. പുരോഗമനാശയങ്ങള്‍ ഉയര്‍ത്താതെ കേവലം വ്യക്തിനിഷ്ഠമായ പ്രശ്നങ്ങളില്‍ വ്യാപ്രിതനാകുന്ന നായകനെയാണ് പൊതുവില്‍ കാണാന്‍ കഴിയുക. സമദര്‍ശനം, സഹനം, മാനവികത ഇത്തരം മൂല്യങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല. ഉപരിവര്‍ഗ്ഗ-മധ്യവര്‍ഗ്ഗ ജീര്‍ണ്ണതകളെ പ്രതിഷ്ഠിക്കുവാനുള്ള ശ്രമമായിട്ടാണ് ഇവ ദൃശ്യവല്‍ക്കരിക്കപ്പെടുന്നത്. സാമൂഹിക സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും ജനാധിപത്യത്തിന്റെയും പ്രസക്തിയെ തകര്‍ത്തുകൊണ്ട് അരാജകത്വത്തിന്റെ ഇരുള്‍ മൂടിയ പാതയിലൂടെ സമൂഹത്തെ നയിക്കുന്നതിനുതകുന്ന പ്രമേയങ്ങളാണ് മിക്ക സിനിമകളിലും ദൃശ്യമാകുന്നത്.

മാധ്യമങ്ങളുടെ രാഷ്ട്രീയം

കേരളത്തിലാകെ കോളിളക്കം സൃഷ്ടിച്ചതാണ് പള്ളിപ്പാട്ട് സതീശന്റെ മരണം. "മദ്യവിരുദ്ധ പ്രവര്‍ത്തകനെ തൊഴിച്ചു കൊന്നു" എന്ന് പ്രചരിപ്പിക്കുവാന്‍ കേരളത്തിലെ ബഹുഭൂരിപക്ഷം മാധ്യമങ്ങളും ഈ മരണത്തെ ഉപയോഗപ്പെടുത്തി. ശ്രീമതി സുഗതകുമാരി അടക്കം ചില സാംസ്കാരിക നായകരും ഇതേറ്റുപിടിച്ചു. മാധ്യമങ്ങള്‍ - സാംസ്കാരികപ്രവര്‍ത്തകര്‍(ഒരു വിഭാഗം) - UDF എന്നീ ഐക്യനിര ഈസംഭവത്തെ അന്നത്തെ കേരളാ ഗവണ്‍മെന്റിനും CPI(M) നും എതിരായ പ്രചരണായുധമാക്കി. 
എന്റെ അടുത്ത ബന്ധുവാണ് സതീശന്‍. 
ഈ സംഭവത്തെ സംബന്ധിച്ച് 1999 നവംബര്‍ 30 ന് ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച എന്റെ കുറിപ്പിലെ ചിലഭാഗങ്ങള്‍ ചുവടെ.
             "പള്ളിപ്പാട്ട് സതീശന്റെ അകാല മരണവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നുണ പ്രചരണങ്ങളാണ് ഈ കുറിപ്പെഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ഗ്രാമം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന അസുഖകരമായ സംഭവ പരമ്പരകളില്‍ ഒടുവിലത്തേതാണ് നവംബര്‍ ഒന്നിന് നടന്നത്. ഇതിന്റെ മൂലകാരണം ഷാജിയും അയാളുടെ ബന്ധുവും അയല്‍വാസിയുമായ രഘുനാഥനും തമ്മില്‍ രണ്ടുവര്‍ഷം മുമ്പ് ഉണ്ടായ വഴിത്തര്‍ക്കമാണ്.   ഇരുവരുടെയും രാഷ്ട്രീയപാര്‍ടികളുടെ  നേതാക്കളുടെയും എന്റെയും  സാന്നിദ്ധ്യത്തില്‍ ഇവര്‍ തമ്മില്‍ ഒത്തുതീര്‍പ്പിന് ധാരണയായതാണ്. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ നിന്നും രഘുനാഥന്‍ ഏകപക്ഷീയമായി പിന്‍മാറിക്കൊണ്ട് ഷാജിയെ ആക്രമിക്കുന്നതിന് കോപ്പുകൂട്ടി. കോണ്‍ഗ്രസിലും RSS  ലും പ്രവര്‍ത്തിക്കുന്ന ചില യുവാക്കളെ പ്രലോഭിപ്പിച്ച് വശത്താക്കി ആക്രമണത്തിന് ഉപയോഗപ്പെടുത്തുവാന്‍ രഘുനാഥന്‍ പലതവണയായി ശ്രമിച്ചുവരികയായിരുന്നു. 
                          വൈരാഗ്യം ശമിക്കാത്ത പതിനഞ്ചില്‍പ്പരം ആളുകള്‍ പതിയിരുന്ന്, സൈക്കിളില്‍ വീട്ടിലേക്കു പോവുകയായിരുന്ന ഷാജിയെ മാരകമാംവിധം മര്‍ദ്ദിച്ചു. അക്രമസ്ഥലത്ത് വൈകിയെത്തിയ സതീശന്‍ തന്റെ കൈത്തരിപ്പ് തീര്‍ക്കുന്നതിന് ഷാജിയുടെ സൈക്കിള്‍ തല്ലിത്തകര്‍ത്തു. ഇതിനിടയില്‍ അയാള്‍ കുഴഞ്ഞു വീണതും മരിച്ചതും ഹൃദയാഘാതം കൊണ്ടാണ് എന്നത് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ശരിവെക്കുന്നു. 
            സതീശന്‍    കുരുന്നു പ്രായത്തിലേ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത് അത്യന്തം ഖേദകരവും ദൗര്‍ഭാഗ്യകരവുമാണ്. എന്നാല്‍ അയാളുടെ മരണത്തെ കൊലപാതകമായി ചിത്രീകരിച്ച് അതിലൂടെ നിരപരാധികളെ അപരാധികളാക്കുവാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ മുതലെടുപ്പിന്റെ നീചസംസ്കാരം പ്രതിഷേധാര്‍ഹമാണ്.
പൈങ്കിളി കഥാകാരന്റെ കൗശലബുദ്ധിയോടെ അസത്യത്തിന്റെ വിഷംകലര്‍ന്ന വാര്‍ത്തകള്‍ വൈകാരികതയോടെ ഊതിപ്പെതിപ്പിച്ചവതരിപ്പിക്കുന്ന പത്രപ്രവര്‍ത്തന ശൈലി വ്യാജമദ്യത്തിനൊപ്പം തന്നെ ഉന്മൂല നാശം വരുത്തേണ്ടതാണ്. സത്യസന്ധമായ പത്രപ്രവര്‍ത്തനത്തിനപ്പുറം സാമ്പത്തിക - രാഷ്ട്രീയ ലാഭാധിഷ്ഠിത താത്പര്യങ്ങളാണ് മിക്ക പത്രങ്ങളും ഉയര്‍ത്തിപ്പിടിക്കുന്നത് " 
ഒരു ദശാബ്ദത്തിന് മുമ്പ് നടന്ന ഈ സംഭവത്തെപ്പറ്റി ഇപ്പോള്‍ ഒന്ന് അന്വേഷിക്കുക. വാര്‍ത്തയും യാഥാര്‍ഥ്യവും തമ്മിലുള്ള അന്തരം ബോദ്ധ്യപ്പെടും.